തിരുവനന്തപുരം: തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരത്തിന് സമീപം വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.(Hypotension Heavy rain today; Orange alert,thunderstorm warning in two districts,)
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് പുറമെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്നു രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
