‘പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്, സഹികെട്ട് പറയുകയാണ്; ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍’; വെളിപ്പെടുത്തലുമായി യുവതി

0

കണ്ണൂര്‍:എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ.് ഞങ്ങള്‍ക്ക് ജീവിക്കണം. ഇന്നലെ മരിച്ചത് ഒരു സാധരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം’- സീന മാധ്യമങ്ങളോട് പറഞ്ഞു.ഗ്രാമപഞ്ചായത്ത് ഓഫിസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ഇന്നലെ ഉച്ചയോടെ സ്‌ഫോടനം നടന്നത്. പറമ്പില്‍ തേങ്ങ പെറുക്കാനായി എത്തിയ വേലായുധന്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. തേങ്ങ പെറുക്കുന്നതിനിടെ കൈയില്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അറിവോടെയാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

Leave a Reply