‘അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു’: സുരേഷ് ഗോപി

0

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കേന്ദ്രമന്ത്രിയാകുന്നതിനുള്ള അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടർന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയും ഒപ്പമുണ്ട്.(‘He decides, I obey’: Suresh Gopi)

‘അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു’ എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ മറുപടി.

കേരളത്തിന്റെ അംബാസഡര്‍ എന്ന നിലയിലായിരിക്കുമോ പദവിയെന്ന ചോദ്യത്തിന്, ‘അത് ഞാൻ എംപിയായിരുന്നാലും അങ്ങനെയായിരിക്കുമെന്ന് പറഞ്ഞു. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി വര്‍ത്തിക്കുന്ന എംപിയായിരിക്കും. തൃശൂരിലെ ജനങ്ങളോടും അതു പറഞ്ഞതാണ്. അവര്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്തു’. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റതിനാല്‍ കേന്ദ്രമന്ത്രിപദവി ഏറ്റെടുക്കാന്‍ തത്കാലം അസൗകര്യമുണ്ടെന്നാണ് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നത്. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളുകയായിരുന്നു.

Leave a Reply