ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയില്‍ കൊളംബിയ വിജയത്തോടെ തുടങ്ങി. പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ വീഴ്ത്തിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ കൊളംബിയ രണ്ട് വട്ടം വല ചലിപ്പിച്ചു.
സമീപ കാലത്ത് അവിശ്വസനീയ ഫോമിലാണ് കൊളംബിയ കളിക്കുന്നത്. ആ ഫോം അവര്‍ കോപ്പയിലും തുടരുന്നു.
ഡാനിയല്‍ മുനോസ്, ജെഫേഴ്‌സന്‍ ലെമ എന്നിവരാണ് കൊളംബിയക്കായി വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ ജുലിയോ എന്‍സിസോയാണ് പരാഗ്വെയുടെ ആശ്വസ ഗോള്‍ നേടിയത്.
ഇരു ടീമുകളും ആക്രമണത്തില്‍ തുല്ല്യം നിന്നു. പാസിങും പന്തടക്കവും കൂടുതല്‍ കൊളംബിയന്‍ പക്ഷത്തായിരുന്നു. 32ാം മിനിറ്റിലാണ് കൊളംബിയയുടെ ആദ്യ ഗോള്‍ വന്നത്. സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ നിന്നാണ് മുനോസ് വല ചലിപ്പിച്ചത്.പത്ത് മിനിറ്റിനുള്ളില്‍ അവരുടെ രണ്ടാം ഗോളും എത്തി. ഇത്തവണയും ജെയിംസ് റോഡ്രിഗസ് തന്നെ അവസരമൊരുക്കി. താരത്തിന്റെ അസിസ്റ്റിനെ ജെഫേഴ്‌സന്‍ ലെമ ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി 69ാം മിനിറ്റിലാണ് പരാഗ്വെ ഒരു ഗോള്‍ മടക്കിയത്. പകരക്കാരനായി എത്തിയ റാമോണ്‍ സോസ നല്‍കിയ പാസില്‍ നിന്നാണ് എന്‍സിസോ പരാഗ്വെയ്ക്ക് ആശ്വാസം സമ്മാനിച്ചത്.
കളിയുടെ അവസാന ഘട്ടത്തില്‍ ഒരു പെനാല്‍റ്റി റഫറി കൊളംബിയക്ക് അനുകൂലമായി വിളിച്ചിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു.