സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ ഫീസ് 40 ശതമാനം കുറവ്; കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ നിരക്കുകള്‍ ഇങ്ങനെ

0

തിരുവനന്തപുരം: സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ 40 ശതമാനം ഫീസ് കുറവോടെ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍. ഹെവി ഡ്രൈവിങ് പരിശീലനത്തിനും കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപ മാത്രം നല്‍കിയാല്‍ മതി. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപ ഫീസ് ഈടാക്കുന്ന പ്രത്യേക പാക്കേജുമുണ്ട്.

ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപയാണ് ഫീസ്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. ഹെവി ഡ്രൈവിങ് പരിശീലനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപയാണ് ഈടാക്കുന്നത്. കാര്‍ ഡ്രൈവിങ്ങിന് 12,000 രൂപ മുതല്‍ 14,000 രൂപവരെയാണ് ഫീസ്. ഇരുചക്രവാഹനങ്ങള്‍ക്ക് 6,000 രൂപയാണ് ഫീസായി സ്വകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്നത്.സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ഡ്രൈവിങ് ക്ലാസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡ്രൈവിങ് പരിശീല കേന്ദ്രവും ഒരുങ്ങുന്നുണ്ട്. ഈ പരിശീലനം നല്‍കിയ ശേഷമാകും വാഹനങ്ങളില്‍ ഡ്രൈവിങ് പരിശീലനം നല്‍കുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കിയിരുന്നവരെയാണ് ഡ്രൈവിങ് സ്‌കൂളുകളിലും കെഎസ്ആര്‍ടിസി നിയോഗിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി സ്റ്റാഫ് ട്രെയിനിങ് കോളേജില്‍ തീയറി ക്ലാസുകള്‍ നടക്കും.

Leave a Reply