തോറ്റെങ്കിലും സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട എന്നിവരെ പാര്‍ലമെന്റിലെത്തിക്കാന്‍ ബിജെപി; രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ നീക്കം

0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട, ആര്‍ കെ സിങ് എന്നിവരെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം. ഒഴിവു വരുന്ന സീറ്റുകളില്‍ മത്സരിപ്പിച്ച് ഇവരെ ഉപരിസഭയില്‍ കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.(Despite defeat,BJP to bring Smriti Irani and Arjun Munda to Parliament; Moved to run for Rajya Sabha,)

അമേഠി മണ്ഡലത്തില്‍ നിന്നാണ് സ്മൃതി ഇറാനി വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടത്. ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടയും ബിഹാറിലെ ആറായില്‍ നിന്ന് മുന്‍ കേന്ദ്രസഹമന്ത്രി ആര്‍ കെ സിങും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇവരുടെ ഭരണ മികവ് മറ്റേതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.സിനിമാ-സീരിയല്‍ രംഗത്തു നിന്നും രാഷ്ട്രീയത്തിലെത്തിയ സ്മൃതി ഇറാനി വളരെപ്പെട്ടെന്നു തന്നെ ബിജെപിയുടെ മുഖമായി മാറിയിരുന്നു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ട ഗോത്ര വിഭാഗത്തില്‍പ്പെട്ട ബിജെപിയുടെ പ്രമുഖ നേതാവാണ്. മുന്‍ ഐഎഎസുകാരനാണ് രണ്ടാം മോദി സര്‍ക്കാരില്‍ ഊര്‍ജ സഹമന്ത്രിയായിരുന്ന ആര്‍ കെ സിങ്.

നിലവില്‍ രാജ്യസഭാംഗങ്ങളായ ബിജെപി നേതാക്കളായ സര്‍ബാനന്ദ സോനോവാള്‍, വിവേക് ഠാക്കൂര്‍, ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ് ഗോയല്‍ എന്നിവര്‍ ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ഇവര്‍ രാജിവെക്കുന്ന ഒഴിവുകളില്‍ ഏതെങ്കിലും സീറ്റുകളില്‍ സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട, ആര്‍കെ സിങ് എന്നിവരെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.

Leave a Reply