ദളപതി വിജയ്‌യുടെ 50-ാം പിറന്നാൾ; റീ റിലീസിനൊരുങ്ങുന്നത് മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ, ആവേശത്തിൽ ആരാധകർ

0

ദളപതി വിജയ്‌യുടെ 50-ാം പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരാധകർ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 22 നാണ് വിജയ്‌യുടെ അമ്പതാം പിറന്നാൾ. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരി റീ റിലീസിനെത്തുകയാണ്.സിനിമ ഡിസ്ട്രിബ്യൂട്ടർ കരൺ അയ്ങ്കാരനാണ് പോക്കിരി റീ റിലീസിനെത്തുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇളയ ദളപതിയുടെ 50-ാം പിറന്നാൾ ആഘോഷത്തിന് തുടക്കം, പോക്കിരി വീണ്ടും തിയറ്ററുകളിലേക്കെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് പോക്കിരി വീണ്ടും തിയറ്ററുകളിലെത്തുക.

പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി 2007 ൽ ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആക്ഷൻ-ത്രില്ലർ ചിത്രമായാണ് പോക്കിരിയെത്തിയത്. അസിൻ ആയിരുന്നു ചിത്രത്തിലെ നായിക. പ്രകാശ് രാജ്, വടിവേലു, ബൃന്ദ പരേഖ്, നാസർ, ശ്രീമാൻ, നെപ്പോളിയൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി.മഹേഷ് ബാബു നായകനായെത്തി 2006 ൽ പുറത്തുവന്ന തെലുങ്ക് ചിത്രം പോക്കിരിയുടെ തമിഴ് റീമേക്ക് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ വിജയ്‌യുടെ പെർഫോമൻസും ആക്ഷൻ രംഗങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം തിയറ്ററുകളിൽ കൈയ്യടി നേടി. ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷൻ നേടി. അടുത്തിടെ വിജയ് നായകനായെത്തിയ ഗില്ലിയും റീ റിലീസ് ചെയ്തിരുന്നു.ബോക്സോഫീസിൽ വലിയ കളക്ഷൻ നേടാനും ഗില്ലിക്കായി. പോക്കിരിയ്ക്ക് പുറമേ വില്ല്, തുപ്പാക്കി തുടങ്ങിയ സിനിമകളും വിജയ്‌യുടെ ജന്മദിനത്തിൽ റീ റിലീസ് ചെയ്യുമെന്നാണ് വിവരം. ലോകേഷ് കനകരാജിനൊപ്പമെത്തിയ ലിയോ ആയിരുന്നു വിജയ്‌യുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വെങ്കട്ട് പ്രഭു ഒരുക്കുന്ന ദ് ഗോട്ടാണ് വിജയ്‌യുടേതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here