തുടര്‍ഭരണം നല്‍കി; ‘രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം’; സാമൂഹ്യമാധ്യമങ്ങളില്‍ നീക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം (മോദി കാ പരിവാര്‍) എന്ന പ്രചാരണവാക്യം സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറ്റാന്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് മോദിയുടെ നിര്‍ദേശം. നല്‍കിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇത്തവണ ജനം എന്‍ഡിഎയ്ക്ക് തുടര്‍ഭരണം നല്‍കിയെന്നും മോദി പറഞ്ഞു.

തന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ആളുകള്‍ അവരുടെ സാമൂഹിക മാധ്യമത്തില്‍ മോദി കാ പരിവാര്‍ ചേര്‍ത്തു. അതില്‍ നിന്ന് തനിക്ക് വലിയ പിന്തുണ ലഭിച്ചു. മൂന്നാമതും ജനം എന്‍ഡിഎയെ അധികാരത്തിലേറ്റി. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കാനാണ് ഈ ജനവിധി. നമ്മളെല്ലാവരും ഒരുകുടുംബമാണെന്ന സന്ദേശം നല്‍കിയതിന് എല്ലാവരോടും നന്ദി പറയുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ഒരു കുടുംബം എന്ന നിലയില്‍ നമ്മുടെ ബന്ധം ശക്തമായി തുടരുമെന്നും മോദി പറഞ്ഞു.രാജ്യം മുഴുവന്‍ തന്റെ കുടുംബമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ‘മോദി കാ പരിവാര്‍’ എന്ന് ചേര്‍ത്തിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി ‘മേം ബി ചൗകിദാര്‍ ഹൂം’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുള്ള കാംപയിന്‍ നടത്തിയിരുന്നു.

Leave a Reply