ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയുടെ മൂത്ത സഹോദരനും ജനതാദള്‍ എസ് നേതാവുമായ സൂരജ് രേവണ്ണ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. 27കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജൂണ്‍ 16ന് കര്‍ണാടക ഹാസന്‍ ജില്ലയിലെ ഫാം ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന 27കാരന്റെ പരാതിയിലാണ് സൂരജ് രേവണ്ണയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകന്റെ ആരോപണം സൂരജ് രേവണ്ണ നിഷേധിച്ചു. അഞ്ചു കോടി രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 27കാരന്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് സൂരജ് രേവണ്ണ ആരോപിച്ചു.സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവ്കുമാര്‍ 27കാരനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം തന്നെ സമീപിച്ച് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സൂരജ് രേവണ്ണയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് ശിവ്കുമാര്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയത്.
ജോലി കണ്ടെത്താന്‍ സഹായിക്കാനാണ് 27കാരന്‍ ആദ്യം തന്നെ സമീപിച്ചതെന്നും ശിവ്കുമാര്‍ പറഞ്ഞു. സൂരജ് രേവണ്ണയുടെ നമ്പര്‍ നല്‍കി സൂരജുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ശിവ്കുമാറിനെയും സൂരജിനെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു.
ലൈംഗിക പീഡനക്കേസില്‍ മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് സൂരജിന്റെ അറസ്റ്റ്. പ്രജ്വല്‍ രേവണ്ണ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഹാസന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടിരുന്നു.
