‘സമുദായങ്ങള്‍ അകന്നു, ബിജെപി വളര്‍ച്ച വിലയിരുത്തുന്നതില്‍ പാളിച്ച’; സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാനായി മൂന്നു ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ പുനഃപരിശോധന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെടുന്നതും, നേതാക്കളുടെയും പ്രവര്‍ത്തകരുടേയും പെരുമാറ്റങ്ങളുമെല്ലാം വിമര്‍ശന വിധേയമാകുന്ന സാഹചര്യത്തിലാണ് യോഗം. ഭരണ വിരുദ്ധ വികാരം തോല്‍വിക്ക് കാരണമായോ എന്നും സംസ്ഥാന സമിതി പരിശോധിക്കും.(‘Communities alienated,BJP fails to assess growth’; CPM state committee meeting begins today,)

തെറ്റു തിരുത്തല്‍ നടപടിക്കുള്ള മാര്‍ഗരേഖയുടെ കരടും തയ്യാറാക്കും. വ്യാഴാഴ്ച വരെ നീളുന്ന സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇഴകീറി പരിശോധിക്കും. വിമര്‍ശനങ്ങള്‍ക്കും സാധ്യതയുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതായി പാര്‍ട്ടി വിലയിരുത്തുന്നു.പാര്‍ട്ടി കേഡര്‍മാരുടെ വോട്ടു ചോര്‍ച്ച തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കൈവെച്ചതും തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. ബിജെപിയുടെ വളര്‍ച്ച വിലയിരുത്തുന്നതില്‍ പാളിച്ച പറ്റിയെന്നും രണ്ടു ദിവസമായി നടന്നുവന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

തെരഞ്ഞെടുപ്പില്‍ വിവിധ സമുദായങ്ങളും പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകന്നു. പാര്‍ട്ടിയുടെ അടിത്തറയായ ഈഴവ വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടായി. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വോട്ടുകളും അനുകൂലമായില്ലെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വന്‍കിട പദ്ധതികള്‍ വേണ്ട. പകരം സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലയളവില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply