കൊച്ചി: കേരളത്തിലെ പുതിയ തലമുറ നന്മ കാണുന്നവരുടെ കൂടെയാണ് നിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പുതുതലമുറയുടെ ചിന്തകള്‍ക്ക് അനുസരിച്ച് മാറിയില്ലെന്നുണ്ടെങ്കില്‍ നമ്മള്‍ പരാജയപ്പെടും. പുതിയ തലമുറ ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്‌സിൽ പറഞ്ഞു.
‘കേരളത്തിൽ 60 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. വീട്ടുകാർ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നുവെന്ന് കരുതി അവർ ആ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നില്ല. അവർ നന്മ കാണുന്നവരുടെ കൂടെ നിൽക്കും. അതുകൊണ്ട് പുതുതലമുറയിലാണ് ബിജെപി കേന്ദ്രീകരിക്കുന്നത്.
അവർ സാധ്യതകളെയാണ് അന്വേഷിക്കുന്നത്. അവർ എല്ലാം വീക്ഷിക്കും എന്നാൽ ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കും, വികസനം, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ സമീപനം അതൊക്കെയാണ് കേരളത്തിന് വേണ്ടത്. അതുകൊണ്ട് ഹിന്ദു പാര്‍ട്ടി എന്നൊക്കെയുള്ളത് അധികം താമസിക്കാതെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ വാർത്തകൾ വായിക്കുമ്പോൾ പോലും അവന് വേണ്ടത് മാത്രമാണ് അവൻ തെരഞ്ഞെടുക്കുന്നത്’- ജോർജ് കുര്യൻ പറഞ്ഞു.കേരളത്തിൽ നിലവിൽ ബിജെപിക്ക് 20 ശതമാനം വോട്ട് ഉണ്ട്. അതിന്റെ കൂടെ സുരേഷ് ഗോപിയുടെ നന്മ കൂടി ആയപ്പോൾ തൃശൂരിൽ അദ്ദേഹത്തിന് വലിയ വിജയം ഉണ്ടായി. കേരളത്തിൽ ബിജെപിക്ക് 13 ശതമാനം വോട്ടുള്ളപ്പോഴാണ് തിരുവനന്തപുരത്ത് ഒ രാജഗോപാൽ ജയിക്കുന്നത്. അദ്ദേഹത്തിന്റെ നന്മയാണ് അവിടെ വിജയത്തിന് കാരണം. കേരളത്തിൽ നിയമസഭയെക്കാർ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് സാധ്യത. കാരണം കേന്ദ്ര ഭരണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിൽ ബിജെപി ഭരിച്ചിട്ടില്ലല്ലോ… അങ്ങനെ വരുമ്പോൾ ചിന്താഗതി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒരു ഘട്ടത്തിൽ ബിജെപി മുന്നേറുമ്പോൾ കേരളത്തിലുള്ള മറ്റ് രണ്ട് മുന്നണികൾ ഒന്നിച്ചാകാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്ത് 25 ശതമാനം വോട്ട് വിഹിതം നേടിയാല്‍, മറ്റ് പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ അടുത്തേക്ക് വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘ബിജെപിയുടെ 20 ശതമാനം വോട്ട് പ്ലസ് സുരേഷ് ഗോപിയുടെ നന്മ’; തൃശൂരിലെ വിജയത്തിൽ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
