‘ബിഗ് സല്യൂട്ട് സുനിൽ ഛേത്രി’- പ്രതിഭാ പൂര്‍ണ ഫുട്ബോൾ യാത്രയ്ക്ക് ആനന്ദ നഗരത്തിൽ വിരാമം!

0

കൊല്‍ക്കത്ത: ഉജ്ജ്വലവും ത്യാഗ സമ്പന്നവുമായ ഒരു ഫുട്ബോൾ കാലത്തിനു ആനന്ദങ്ങളുടെ നഗരമായ കൊൽക്കത്തയിൽ തിരശ്ശീല വീണു. നായകൻ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം.

20 വര്‍ഷത്തോളം നീണ്ട ഒരു സമ്മോഹന ഫുട്ബോള്‍ കരിയര്‍ കാലത്തിനു സമര്‍പ്പിച്ചാണ് ഇതിഹാസ താരം പടിയിറങ്ങുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ കുതിപ്പും കിതപ്പും ആവോളം കണ്ട ഒരു അപൂര്‍വ ഫുട്ബോള്‍ കരിയര്‍.

കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ലോങ് വിസിൽ മുഴങ്ങിയതോടെ, ഇന്ത്യയെ ഏതാണ്ട് ഒറ്റയ്ക്ക് വർഷങ്ങളായി തോളിലെടുത്ത ഒരു മനുഷ്യൻ അടുത്ത തലമുറയിലേക്ക് തന്റെ പ്രതിഭാ പൂർണമായ ഇതിഹാസ കരിയർ സമർപ്പിച്ച് സ്റ്റേഡിയം വിട്ടു…

39ാം വയസിലാണ് ഐതിഹാസിക യാത്രക്ക് ഛേത്രി വിരാമമിടുന്നത്. ഇന്ത്യക്കായി 150 മത്സരങ്ങൾ കളിച്ച് 94 ഗോളുകൾ നേടിയ ഛേത്രിയാണ് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരൻ. ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദേയി, ലയണൽ മെസി എന്നിവരാണ് ചേത്രിക്ക് മുന്നിൽ.ഇതിഹാസ താരത്തിൻറെ അവസാന പോരാട്ടം ജയത്തിൽ അവസാനിപ്പിക്കാൻ സാധിച്ചില്ല. മത്സരം ഗോൾ രഹിത സമനിലയിൽ തീർന്നതും ഒരുപക്ഷേ അപൂർവമായൊരു കാവ്യ നീതിയാകാം.

ഇന്ത്യക്കൊപ്പം നാല് സാഫ് ചാമ്പ്യൻഷിപ്പ്, മൂന്ന് നെഹ്‌റു കപ്പ്, രണ്ട് ഇന്റർ കോണ്ടിനന്റൽ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളിൽ ഛേത്രി പങ്കാളിയായി. അണ്ടർ 20ൽ കളിക്കുമ്പോൾ ഇന്ത്യക്കായി സൗത്ത് ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള എഐഎഫ്എഫ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരവും ഛേത്രി നേടിയിട്ടുണ്ട്.

ഛേത്രിയുടെ വിരമിക്കൽ കുറിപ്പ്

‘കഴിഞ്ഞ 19 വർഷമായി ഇന്ത്യക്കായി കളിക്കുന്നതിന്റെ സമ്മർദ്ദം ഞാൻ അനുഭവിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് ആ സമ്മർദ്ദമാണ് ഏറ്റവും വലിയ സന്തോഷം. വ്യക്തിപരമായ ചിന്തകൾ എനിക്കുണ്ടായിരുന്നില്ല. രാജ്യത്തിനായി നിരവധി മത്സരങ്ങൾ കളിച്ചു. നല്ലതും മോശവുമായ അനുഭവങ്ങളുണ്ട്. അതിനാൽ കളി നിർത്താനുള്ള തീരുമാനത്തിലേക്ക് ഞാനെത്തി. അടുത്ത മത്സരത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നു വിരമിക്കുകയാണ്.’

‘സ്വയം പലവട്ടം ആലോചിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഞാൻ എന്റെ പഴയ കാലങ്ങളും ആലോചിച്ചു. കോച്ച്, ടീം, സഹ താരങ്ങൾ, മൈതാനങ്ങൾ, എവേ മത്സരങ്ങൾ, നല്ല കളി, മോശം കളി, വ്യക്തിഗത പ്രകടനങ്ങൾ എല്ലാ ഫ്‌ളാഷുകളായി മിന്നി മറഞ്ഞു. ഒടുവിൽ ഞാൻ വിരമിക്കാൻ തീരുമാനിച്ചു.’

‘ഞാൻ ഇക്കാര്യം ആദ്യം പറഞ്ഞത് എന്റെ അച്ഛനോടും അമ്മയോടും ഭാര്യയോടുമാണ്. അച്ഛൻ സന്തോഷത്തോടെയാണ് എന്റെ വാക്കുകൾ സ്വീകരിച്ചത്. എന്നാൽ അമ്മയും ഭാര്യയും പൊട്ടിക്കരയുകയായിരുന്നു. എന്റെ മത്സര യാത്രകളിലെ ഒരുക്കങ്ങൾക്ക് സാഹയം ചെയ്യാറുള്ളപ്പോൾ എന്റെ മുഖത്തെ സമ്മർദ്ദം അവർ കാണാറുണ്ട്. പൊട്ടിക്കരഞ്ഞ അവർക്കു പോലും ഇത് പെട്ടെന്നു ഉൾക്കൊള്ളാൻ സാധിച്ചേക്കില്ല.’

‘എനിക്ക് ക്ഷീണമുണ്ട് എന്നൊന്നും ഇക്കാര്യത്തിൽ അർഥമില്ല. സഹജാവബോധത്തിന്റെ പുറത്താണ് വിരമിക്കൽ തീരുമാനം. ഏറെ, ഏറെ ചിന്തിച്ചെടുത്തതാണ്…’ ഛേത്രി വ്യക്തമാക്കി.

Leave a Reply