വൃക്ക സ്വീകരിച്ചവരെല്ലാം ഇന്ത്യക്കാര്‍, 12 കോടി വാങ്ങി, ദാതാക്കള്‍ക്കു കൊടുത്തത് ഒരു കോടി; അവയവ റാക്കറ്റ് കേസില്‍ പൊലീസ് കണ്ടെത്തല്‍

0

കൊച്ചി: മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര അവയവ വ്യാപാര റാക്കറ്റിന്റെ ഗുണഭോക്താക്കളെല്ലാം ഇന്ത്യക്കാരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇറാന്‍ ആശുപത്രികളില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വൃക്ക മാറ്റിവെച്ചത് എല്ലാം ഇന്ത്യാക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളാണ് അവയവറാക്കറ്റിന്റെ നേതൃത്വത്തില്‍ നടത്തിയത്.

വൃക്ക സ്വീകരിച്ചതെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വൃക്ക സ്വീകര്‍ത്താക്കളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ഡല്‍ഹി സ്വദേശികളാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ അവയവങ്ങള്‍ പണത്തിനായി വില്‍ക്കാന്‍ ദാതാക്കളെ വശീകരിക്കുന്നതില്‍ സ്വീകര്‍ത്താക്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വൃക്ക വില്‍ക്കാന്‍ സ്വീകര്‍ത്താക്കള്‍ ഏതെങ്കിലും തരത്തില്‍ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.സ്വീകര്‍ത്താക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും പൊലീസ് സൂചിപ്പിച്ചു. രണ്ട് ഇറാനിയന്‍ ആശുപത്രികളുടെയും ഇന്ത്യ ആസ്ഥാനമായുള്ള ഇടനിലക്കാരുടെയും സഹായത്തോടെയാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. അവരില്‍ ചിലര്‍ അവരുടെ വൃക്കകളിലൊന്ന് വില്‍ക്കുകയും ദാതാക്കളെ കണ്ടെത്തുന്നതിനായി ഏജന്റുമാരായി മാറുകയും ചെയ്തു.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ ദാതാക്കളെയും പൊലീസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ അവരില്‍ ചിലരെ ഏജന്റുമാര്‍ വഞ്ചിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

എല്ലാ സ്വീകര്‍ത്താക്കളില്‍ നിന്നുമായി ആകെ 12 കോടി രൂപയോളം അവയവറാക്കറ്റ് കൈപ്പറ്റി. എന്നാല്‍ ഒരു കോടിയോളം രൂപ മാത്രമാണ് അവയവ ദാതാക്കള്‍ക്ക് നല്‍കിയത്. ദാതാക്കള്‍ക്ക് ആറ് ലക്ഷം രൂപ വീതം നല്‍കിയ ശേഷം ബാക്കി തുക റാക്കറ്റിലെ അംഗങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. പണം കൈപ്പറ്റി അവയവദാനം ഇറാനില്‍ നിയമവിധേയമാണ്. ഇതു മുതലാക്കിയാണ് ഇന്ത്യന്‍ അവയവക്കടത്തു സംഘം ശസ്ത്രക്രികള്‍ ഇറാന്‍ കേന്ദ്രീകരിച്ച് നടത്തിയത്.

അവയവറാക്കറ്റിന് ഇരയായി വൃക്ക നല്‍കിയ 20 പേരില്‍ ഒരാള്‍ പാലക്കാട് സ്വദേശി ഷമീര്‍ ആണ്. വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ ഇടനിലക്കാര്‍ കബളിപ്പിച്ചുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അവയവക്കടത്തിലെ മുഖ്യ ആസൂത്രകന്‍ മധു ഇപ്പോഴും ഇറാനില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇടനിലക്കാരനായ സാബിത്ത് നസീറിനെ പൊലീസ് പിടികൂടിയതോടെയാണ് അവയവ റാക്കറ്റുമായുള്ള കേരളത്തിന്റെ ബന്ധം വെളിപ്പെട്ടത്.

Leave a Reply