കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആർ കേളു. ആദിവാസി ഗോത്ര വിഭാഗമായ കുറിച്യ സമുദായത്തിൽപ്പെട്ടയാളാണ് 53 കാരനായ കേളു. ആദിവാസി വിഭാഗത്തിൽ നിന്നും സിപിഎം മന്ത്രിയാക്കുന്ന ആദ്യ നേതാവാണ്. കുറിച്യ വിഭാഗത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ ഇടംനേടുന്ന രണ്ടാമത്തെയാൾ കൂടിയാണ് കേളു. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.(After ten years as Kurichyar’s second minister and Panchayat President,Kelu comes with administrative experience,)
തുടർച്ചയായി 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 5 വർഷം തിരുനെല്ലി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2016 ൽ പി കെ ജയലക്ഷ്മിക്കെതിരെ മാനന്തവാടിയിൽ അട്ടിമറി വിജയം നേടി. 2021 ൽ ഭൂരിപക്ഷം മൂന്നിരട്ടിയാക്കിയാണ് വിജയിച്ചത്.
ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യം മന്ത്രിയായത് ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയാണ്. ജയലക്ഷ്മിയും കുറിച്യ സമുദായാംഗമാണ്. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു പി കെ ജയലക്ഷ്മി.അതേസമയം കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ, പട്ടികജാതി-പട്ടിക വർഗം മാത്രമേ ലഭിക്കുകയുള്ളല്ലോ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഞാൻ ആദ്യമായിട്ടാണല്ലോ മന്ത്രിയാകുന്നത്. അത്തരം കാര്യങ്ങളിൽ പരിചയ സമ്പന്നതയുടെ കുറവുണ്ട്. പാർലമെന്ററി കാര്യത്തിൽ പരിചയമുള്ളവർ വരുന്നതാണല്ലോ ശരിയെന്ന് കേളു പ്രതികരിച്ചു.
പട്ടികജാതി-പട്ടിക വർഗ മേഖലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ചിട്ടുള്ള നയങ്ങളാണ് പിന്തുടരുക. കെ രാധാകൃഷ്ണനായാലും ബാലേട്ടനായാലും എൽഡിഎഫിന്റെ പോളിസിയാണല്ലോ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത് പിന്തുടരും. തന്റെ മന്ത്രിസ്ഥാനം വയനാട് ഉപതെരഞ്ഞെടുപ്പിൽ ഗുണം ചെയ്തേക്കുമെന്നും കേളു അഭിപ്രായപ്പെട്ടു.