ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് രേഖകള്‍ സൗജന്യമായി പുതുക്കാന്‍ ഇനി ചുരുക്കം ദിവസങ്ങള്‍ മാത്രം സമയം. ഉപയോക്താക്കള്‍ക്ക് ജൂണ്‍ 14 വരെ വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് പത്ത് വര്‍ഷത്തിലേറെയായ ആധാര്‍ പുതുക്കുന്നത് നല്ലതാണ്. യുഐഡിഎഐ പോര്‍ട്ടല്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ആധാര്‍ പുതുക്കാം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ, ആളുകള്‍ക്ക് അവരുടെ നിലവിലുള്ള കാര്‍ഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്സ് വിവരങ്ങള്‍ ലിങ്ക് ചെയ്യാന്‍ കഴിയും.തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ മാറ്റം വന്നവര്‍ക്കും അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴി അപ്ഡേറ്റ് ചെയ്യാം.