കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം: മരണം 29 ആയി; ഒമ്പതുപേരുടെ നില ഗുരുതരം

0

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും.

വ്യാജമദ്യം വിറ്റയാ‍ൾ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജിൽ നിന്നും 200 ലിറ്റർ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ചെന്നൈയില്‍നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്.ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വ്യാജമദ്യവില്‍പ്പനക്കാരില്‍നിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിവേലയെടുക്കുന്നവരാണ് ദുരന്തത്തിനിരയായത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലർക്ക് തലകറക്കം, തലവേദന, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുകയും 4 പേർ മരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

Leave a Reply