ഒറ്റയടിക്ക് വാഷ്ഔട്ടായത് 26 ലക്ഷം കോടി രൂപ; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 4,000 പോയിന്റ് കൂപ്പുകുത്തി

0

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് തിരിച്ചടി ലഭിച്ചത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്നലെ നേടിയതിന്റെ ഇരട്ടി ഇന്ന് നഷ്ടപ്പെടുന്നതാണ് കണ്ടത്. ഇന്നലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് രണ്ടായിരത്തില്‍പ്പരം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് ഇന്ന് നാലായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.

എൻഡ‍ിഎ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. നിലവിലെ ലീഡ് നില അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല. എന്നാൽ എൻഡിഎ മുന്നണി 290 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.സെന്‍സെക്‌സ് 5.35 ശതമാനം ഇടിഞ്ഞ് 72000ലേക്ക് എത്തി. നിഫ്റ്റി ആയിരത്തില്‍പ്പരം പോയിന്റാണ് ഇടിഞ്ഞത്. 22,000 പോയിന്റിനോടനുബന്ധിച്ചാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവിനാണ് നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചത്.

നിക്ഷേപകരുടെ സമ്പാദ്യത്തില്‍ നിന്ന് 26 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. ഒട്ടുമിക്ക കമ്പനികളുടെ ഓഹരികളും നഷ്ടം നേരിട്ടു. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നി അദാനി ഗ്രൂപ്പ് കമ്പനികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Leave a Reply