തൃശൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

0

തൃശൂര്‍: കുഴിമന്തികഴിച്ചതിനെ സ്ത്രീ മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ ആറുമുതല്‍ പത്തുവരെ നാലു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ റോയല്‍, പാര്‍ക്ക്, കുക്ക് ഡോര്‍, ചുരുട്ടി, വിഘ്‌നേശ്വര എന്നി ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കന്‍, ബീഫ്, ബിരിയാണി, കേടായ മുട്ട, പൊറോട്ട, ചപ്പാത്തി അച്ചാറുകള്‍ എന്നിവ കണ്ടെത്തി. ആരോഗ്യവിഭാഗത്തിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.പെരിഞ്ഞനത്ത് കുഴിമന്തികഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് സ്ത്രീ മരിക്കുകയും 180ലേറെപ്പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തതിന് ശേഷവും ചില ഹോട്ടലുകള്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുകയാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ആരോഗ്യവിഭാഗത്തിന്റെ പരിശോധന.

കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം മുമ്പും പ്രമുഖ ഹോട്ടലുകളില്‍ നിന്നടക്കം പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിഴയീടാക്കുകയല്ലാതെ തുടര്‍ന്നടപടികള്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം. ചില ഹോട്ടലുകള്‍ അടപ്പിച്ചുവെങ്കിലും ഇപ്പോള്‍ അവ തുറന്നു പ്രവര്‍ത്തിക്കുകയാണ്. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന രീതിയാണ് ഭരണപക്ഷത്തിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here