എല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം കൂടും; വാർഡ് പുനർനിർണയത്തിനൊരുങ്ങി സംസ്ഥാന സർക്കാർ; ഓർഡിനൻസ് കൊണ്ടുവരും

0

തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് പുനർനിർണയമുണ്ടാകും. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഈ മാസം 20ന് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് ഓർഡിനൻസ് കൊണ്ടുവരുന്നകാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ മാസം 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തിൽ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് ഓർഡിനൻസ് ഇറക്കുന്നത്. ഓൺലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ജനസംഖ്യാ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണയം പൂർത്തിയായാൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളുടെ എണ്ണം കൂടും.

ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരുവാർഡ് എന്ന രീതിയിലാണ് ഇപ്പോഴത്തെ വിഭജനം. നിലവിൽ ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളിൽ 23 വാർഡുകളുമാണുള്ളത്. പുനർനിർണയിക്കുന്നതോടെ 14 മുതൽ 24 വരെയായി ഉയരും.

സംസ്ഥാനത്താകെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 15,962 വാർഡുകളുണ്ട്. 87 മുനിസിപ്പാലിറ്റികളിലായി 3078 വാർഡുകളും ആറു കോർപ്പറേഷനുകളിലായി 414 വാർഡുകളുമുണ്ട്. നിലവിൽ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാർഡ് വിഭജനത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ 1200 തദ്ദേശ പ്രതിനിധികൾകൂടി അധികമായി വരും.

Leave a Reply