സംസ്ഥാനത്തെ പനി വ്യാപനം; രോഗത്തിന് ഉറവിടമായി അലങ്കാരച്ചെടികളും; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

0

തൃശ്ശൂര്‍: സംസ്ഥാനത്ത് മഞ്ഞപിത്തം,ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ കാലമാണിത്. കടുത്ത വേനലിലും പലയിടത്തും ഡെങ്കിപ്പനി പടരുകയാണ്. ഇത്തരം രോഗവ്യാപനത്തിന് കാരണം വീടുകളിലും സ്ഥാപനങ്ങളിലും മറ്റും വളർത്തുന്ന അലങ്കാര ചെടികൾക്കും പങ്കുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനിയും പകരുന്നത് കൊതുകുവഴിയാണ്. വീടിനുള്ളില്‍ തന്നെ പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാഹചര്യമൊരുക്കുകയാണ്. ആളുകള്‍ അറിയാതെ ചെയ്യുന്നതാണിതെന്നും ആരോഗ്യവകുപ്പ് പറയുന്നു.


ഒരു സ്ഥാപനത്തിലെ അഞ്ച് റിസപ്ഷനിസ്റ്റുകള്‍ക്ക് ഒന്നിച്ച് ഡെങ്കിപ്പനി വരുന്ന സാഹചര്യം തൃശ്ശൂർ ജില്ലയിലുണ്ടായി. സ്ഥാപനത്തിനുള്ളില്‍ വെച്ചിരുന്ന ചെടികളാണ് ഇതിനു കാരണമായത്.ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാത്ത നിരവധി അനുകൂല സാഹചര്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ പകര്‍ച്ച വ്യാധിവ്യാപനത്തിന് സഹായകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം ആകെ 1990 ഡെങ്കിപ്പനിയാണ് തൃശ്ശൂർ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വര്‍ഷം ഇതുവരെതന്നെ 550നു മുകളില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. മഴതുടങ്ങുംമുമ്പാണ് ഇത്രയും ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ തുടങ്ങുന്നതോടെ ഇത് വന്‍തോതില്‍ വര്‍ധിക്കുമെന്ന ഭയവുമുണ്ട്.

കോവിഡിനുശേഷം വീട്ടിനുള്ളില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നത് കൂടിയിട്ടുണ്ട്. കുപ്പികളില്‍ വെള്ളം നിറച്ചാണ് മണി പ്ലാന്റ് പോലുള്ളവ വളര്‍ത്തുന്നത്.ഇതാണ് ഉറവിടമാകുന്നതും. ഇതു കൂടാതെ ചെടിച്ചട്ടികള്‍ക്കടിയില്‍ വെക്കുന്ന ട്രേകളും കൊതുക് വളരാന്‍ സാഹചര്യമൊരുക്കുന്നു.

ചെടി വളര്‍ത്താന്‍ ഉപയോഗിക്കുന്ന കുപ്പികളുടെ വായ്ഭാഗം തുണികൊണ്ട് മൂടണമെന്നാണ് പ്രതിവിധിയായി ആരോഗ്യവിഭാഗം പറയുന്നത്. ഫ്രിഡ്ജിനടിയിലെ ട്രേയും പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂലസാഹചര്യം ഉണ്ടാക്കുന്നു.

വീട്ടുകാരെ കൂടാതെ ആരോഗ്യപ്രവര്‍ത്തകരും വീട്ടിനുള്ളിലെ ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിലുള്ളവര്‍ പറയുന്നത്. വീടിനു ചുറ്റുമുള്ളവ മാത്രമാണ് പലപ്പോഴും ഇവര്‍ ശ്രദ്ധിക്കുന്നത്. ഇവ വീട്ടുകാരെക്കൊണ്ടുതന്നെ നശിപ്പിക്കണമെന്നാണ് നിര്‍ദേശം. ആവര്‍ത്തിക്കാതിരിക്കാനാണിത്. എന്നാല്‍, മിക്കപ്പോഴും ജീവനക്കാര്‍ത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതു വീട്ടുകാര്‍ അറിയുന്നുപോലുമില്ല.

ഡെങ്കി രണ്ടാംതവണ വരുമ്പോള്‍ അതു കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നുണ്ട്. അതുപോലെ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്.

Leave a Reply