ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

0

ന്യൂഡൽഹി: ഇറാനിലെ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. 10 വർഷത്തേക്കാണ് തന്ത്രപ്രധാനമായ തുറമുഖ നടത്തിപ്പിന്റെ ചുമതല ഇന്ത്യക്ക് ലഭിക്കുന്നത്. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്.

ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായമാകുമെന്നു കേന്ദ്ര തുറമുഖ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (ഐപിജിഎൽ), ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ് കരാർ ഒപ്പിട്ടത്. ഇറാനിൽ നടന്ന ചടങ്ങിൽ ഇറാൻ റോഡ്- നഗര വികസന മന്ത്രി മെഹർസാദ് ബസർപാഷും പങ്കെടുത്തു.ഇറാനെതിരായ അമേരിക്കൻ ഉപരോധം ചബഹാർ തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഉപരോധം വകവയ്ക്കാതെ തുറമുഖത്തിന്റെ വികസനത്തിനു സഹകരിച്ച ഏക വിദേശരാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും.

ചൈന- പാക് സാമ്പത്തിക ഇടനാഴിയേയും അറബിക്കടലിൽ ചൈനയുടെ സാന്നിധ്യത്തേയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യക്ക് ഗുണം ചെയ്യും. അറബിക്കടലിൽ സാന്നിധ്യം ശക്തമാക്കുക ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിന്റെ വകസനം ചൈന ഏറ്റെടുത്തത്. ചബഹാർ തുറമുഖത്തു നിന്ന് 72 കിലോമീറ്റർ അകലെയാണ് ഗ്വാദർ തുറമുഖം.

Leave a Reply