ദുർഘടമായ ഖനികളിലും ആണവ പ്ലാന്റുകളിലും ശുക്രനിലും വരെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന കംപ്യൂട്ടറുകൾ എന്നത് ഭാവിയിൽ സാധ്യമാകുമെന്ന് ഗവേഷകർ. 600 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ ചെറുക്കാൻ കഴിയുന്ന സെമി കണ്ടക്ടർ കണ്ടുപിടിച്ചതോടെയാണ് ഉയർന്ന ഊഷ്മാവിൽ പോലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന കമ്പ്യൂട്ടർ എന്ന ആശയം യാഥാർത്ഥ്യമാകുമെന്ന് ഗവേഷകർ വ്യക്തമാക്കിയത്.
ഈ ഫെറോ ഇലക്ട്രിക് ഈ ഡയോഡ് ഉപയോഗിക്കുന്ന സെൻസറുകളും കംപ്യൂട്ടിങ് ഉപകരണങ്ങളുമൊക്കെ വളരെ ഉയർന്ന താപനില സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ ഉപയോഗിക്കാനാകും.നേച്ചർ ഇലക്ട്രോണിക്‌സ് എന്ന ജേണലിൽ ഈ ഉപകരണം സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചു. ഫെറോഇലക്ട്രിക് അലുമിനിയം സ്‌കാൻഡിയം നൈട്രൈഡ് എന്ന വസ്തുവാണ് ഈ മെമ്മറി ഉപകരണത്തിൽ ഉപയോഗിക്കുന്നത്.
ഈ ഡയോഡിന് 45 നാനോമീറ്റർ മാത്രാണ് കട്ടി. അതായത് ഒരു മനുഷ്യന്‌റെ മുടിനാരിഴയേക്കാൾ 1800 മടങ്ങ് വലുപ്പം കുറവാണ്. പ്രതീക്ഷിച്ചതുപോലെ വികസിപ്പിക്കപ്പെട്ടാൽ മനുഷ്യരാശിയുടെ ഭാവിയിലെ പല ദുർഘട ദൗത്യങ്ങളിലും തുണയാകാൻ ഈ ഉപകരണത്തിന് സാധിക്കും.
സാധാരണഗതിയിയിൽ സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് (എസ്എസ്ഡി) ഉൾപ്പെടെ മെമ്മറി ഉപകരണങ്ങളിൽ ഏറ്റവും താപക്ഷമതയുള്ളതു പോലും 300 ഡിഗ്രി സെൽഷ്യസ് വരെയൊക്കെ മാത്രമേ പരമാവധി പ്രവർത്തിക്കൂ.
