ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. നാളെ ഉച്ചയ്ക്ക് ശേഷമാകും കെജരിവാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ച് വിധി പ്രസ്താവിക്കുക.
ഹര്‍ജി പരിഗണിക്കവെ ചൂടേറിയ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. മദ്യനയ അഴിമതിയുടെ കിങ്പിന്‍ ആണ് കെജരിവാളെന്ന് ഇഡി ആരോപിച്ചു. കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചില സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആലോചിക്കുന്നു. കെജരിവാളിന്റെ ഹര്‍ജി തള്ളണമെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആവശ്യപ്പെട്ടു.’കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം’. ‘ഞങ്ങള്‍ കുറ്റം ചെയ്യും, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല’ എന്ന് പറയാന്‍ വിചാരണ തടവുകാര്‍ക്ക് അവകാശമില്ല. ഇത് തികച്ചും പരിഹാസ്യമാണ്,’ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
കെജരിവാളിനെ അറസ്റ്റ് ചെയ്തതിന്റെ ഏക ഉദ്ദേശം ആം ആദ്മി പാര്‍ട്ടിയെ അപമാനിക്കുക… നിര്‍ജീവമാക്കുക’ എന്നായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി പറഞ്ഞു. ഇഡിയുടെ കയ്യില്‍ തെളിവുകളൊന്നുമില്ല. എഎപിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും സിങ് വി കുറ്റപ്പെടുത്തി.