തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ത്രികോണ മത്സരം എന്നു പറയുമെങ്കിലും സ്ഥിതി അതല്ല. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയാകും ഇത്തവണയും. എസ്ഡിപിഐ പിന്തുണ ഒരാള്‍ക്ക് വേണ്ടി മാത്രം പ്രഖ്യാപിച്ചതല്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇന്ന് കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ പത്രിക സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ നാടാര്‍, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങിയവര്‍ ശശി തരൂരിനൊപ്പമുണ്ടായിരുന്നു.പാര്‍ലമെന്ററി സംവിധാനത്തില്‍ നരേന്ദ്രമോദിക്ക് ബദല്‍ എന്നതിന് പ്രസക്തിയില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്നു രാവിലെ എക്‌സില്‍ ഇട്ട കുറിപ്പിലായിരുന്നു തരൂരിന്റെ പരാമര്‍ശം. പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ എന്ന പോലെ ഒരു വ്യക്തിയെ അല്ല തെരഞ്ഞെടുക്കുന്നത്. മറിച്ച് ഒരു പാര്‍ട്ടിയെയോ ഒരു സഖ്യത്തെയോ ആണ്.
ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സംരക്ഷിക്കാന്‍ വിലമതിക്കാനാകാത്ത ഒരു കൂട്ടം തത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് പാര്‍ട്ടികള്‍. തരൂര്‍ കുറിച്ചു. മോദിക്ക് ബദല്‍ പരിചയസമ്പന്നരും കഴിവുള്ളവരും വൈവിധ്യമാര്‍ന്നവരുമായ ഒരു കൂട്ടം നേതാക്കളാണ്. അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുകയും വ്യക്തിഗത അഹംഭാവത്താന്‍ നയിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തു നിന്നും മൂന്നു തവണ ശശി തരൂര്‍ എംപിയായിരുന്നു. നാലാംവട്ടമാണ് ലോക്‌സഭയിലേക്ക് തരൂര്‍ മത്സരിക്കുന്നത്. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ് നടക്കുന്നത്.