‘കേരള സ്റ്റോറി’ നിരോധിക്കണമെന്ന നിലപാട് ഇല്ല; കാണേണ്ടവര്‍ക്ക് കാണാം, കാണേണ്ടാത്തവര്‍ കാണണ്ട’

0

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും മുസ്ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിനിമ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ല. വിവാദപരമായ ഉള്ളടക്കമുള്ള സിനിമ, ദൂരദര്‍ശനിലൂടെ ഔദ്യോഗിക തലത്തില്‍ സംപ്രേഷണം ചെയ്തതിനെയാണ് എതിര്‍ത്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സിനിമ കാണേണ്ട കാര്യമില്ലെന്നു തന്നെയാണ് സിപിഎം നിലപാട്. കലാപരമായി മൂല്യമുള്ളതും മൂല്യമില്ലാത്തതുമായ ഒട്ടനവധി സിനിമകള്‍ സിപിഎമ്മിനെതിരെ വരുന്നുണ്ട്. അതിനെയൊക്കെ നിരോധിച്ചല്ല പരിഹാരം കാണേണ്ടത്. ആശയത്തെ ആശയപരമായി നേരിടണം. അതില്‍ സിപിഎമ്മിനു വ്യക്തതയുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ഏതെങ്കിലും ആശയത്തെ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. കേരള സ്റ്റോറിയെ കൃത്യതയോടെ തുറന്നുകാണിക്കാന്‍ സിപിഎമ്മിനു കഴിയും. സാമൂഹികമായി ഒന്നും സംഭാവന ചെയ്യാതെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഒരു സിനിമയാണ് കേരള സ്റ്റോറിയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റോറിയില്‍ വിവാദത്തിനില്ലെന്ന് താമരശേരി രൂപത സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ മറുപടിയായി സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിനിമ കാണേണ്ടവര്‍ക്ക് കാണാം. കാണേണ്ടാത്തവര്‍ കാണണ്ട. സിനിമ കേരള വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമാണ്. സിനിമ കാണേണ്ട കാര്യമില്ലെന്നാണ് സിപിഎം നിലപാടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a Reply