പോരാട്ടം മുറുകി; എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഉച്ചസ്ഥായിയിലേക്ക് മുറുകവെ, കേരളത്തിലെ എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടം നേരിടുന്നതായി വിലയിരുത്തല്‍. സിറ്റിങ്ങ് മണ്ഡലങ്ങളില്‍ പത്തനംതിട്ടയും മാവേലിക്കരയും മാത്രമാണ് പ്രശ്നമെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യഘട്ട കണക്കുകൂട്ടല്‍.

എന്നാല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളുമായി ഇടതുമുന്നണി പ്രചാരണം ഊര്‍ജിതമാക്കിയതോടെ, ആറു മണ്ഡലങ്ങളില്‍ കൂടി പോരാട്ടം കടുപ്പമേറിയതായി കോണ്‍ഗ്രസ് വിലയിരുത്തുന്നതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍, വടകര, തൃശൂര്‍, ആലത്തൂര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന പോരാട്ടം നടക്കുന്നത്.പത്തനംതിട്ടയില്‍ നാലാം വട്ടം ജനവിധി തേടുന്ന കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയും മാവേലിക്കരയില്‍ എട്ടാം തവണ മത്സരരംഗത്തിറങ്ങുന്ന കൊടിക്കുന്നില്‍ സുരേഷും കടുത്ത വിരുദ്ധ വികാരം നേരിടുന്നുണ്ട്. പത്തനംതിട്ടയില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെ രംഗത്തിറക്കി സിപിഎം മണ്ഡലത്തിലുടനീളം ശക്തമായ പ്രചാരണമാണ് നടത്തുന്നത്. കൊടിക്കുന്നില്‍ സുരേഷിനെതിരെ യുവനേതാവ് അഡ്വ. അരുണ്‍കുമാറിനെ രംഗത്തിറക്കിയാണ് സിപിഐ പോരാട്ടം കടുപ്പിക്കുന്നത്.

കണ്ണൂരില്‍ കെപിസിസി പ്രസിഡന്റും സിറ്റിങ്ങ് എംപിയുമായ കെ സുധാകരനെതിരെ, സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ പോരാട്ടം കടുത്തതായി മാറി. വടകരയില്‍ സിപിഎമ്മിന്റെ ജനകീയ നേതാവ് കെ കെ ശൈലജയ്‌ക്കെതിരെ കോണ്‍ഗ്രസ് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയാണ് കളത്തിലിറക്കിയത്.

മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എന്നിവര്‍ മാറ്റുരയ്ക്കുന്ന തൃശൂരാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ തീപാറും പോരാട്ടമാണ് നടക്കുന്നത്. ആലത്തൂരില്‍ സിറ്റിങ് എംപി രമ്യ ഹരിദാസിനെതിരെ മന്ത്രിയും സിപിഎമ്മിന്റെ തിളക്കമാര്‍ന്ന മുഖവുമായ കെ രാധാകൃഷ്ണനെ രംഗത്തിറക്കി പോരാട്ടം കടുപ്പിച്ചു.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് സിറ്റിങ്ങ് എംപിക്കെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി രംഗത്തിറക്കി ശക്തമായ പോരാട്ടത്തിന് വഴി തുറന്നു. ഇടതുമുന്നണി സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ കളത്തിലിറക്കിയതോടെ തിരുവനന്തപുരവും കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

Leave a Reply