കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കിയ അപരന്മാരായ ഫ്രാന്‍സിസ് ജോര്‍ജുമാരുടെ പത്രിക വരണാധികാരി തള്ളി. അപരന്മാരുടെ പത്രികയ്‌ക്കെതിരെ യുഡിഎഫ് ആണ് പരാതിയുമായി രംഗത്തുവന്നത്.
രണ്ട് അപരന്മാരുടെ പത്രികയും തയ്യാറാക്കിയത് ഒരേ സ്ഥലത്തു നിന്നാണെന്നും, അതിലെ ഒപ്പുകള്‍ വ്യാജമാണെന്നുമായിരുന്നു യുഡിഎഫ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. പരാതിയെത്തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഹിയറിങ് നടത്തി. ഇതിനുശേഷമാണ് അപരന്മാരുടെ പത്രിക തള്ളിയത്.
സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗമായ ഫ്രാന്‍സിസ് ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാന്‍സിസ് ഇ ജോര്‍ജ് എന്നിവരാണ് കോട്ടയത്ത് പത്രിക നല്‍കിയിരുന്നത്. വരണാധികാരി ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അപരന്മാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ഇങ്ങനെ സമയം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രികകള്‍ തള്ളിയത്. വൈകീട്ട് നാലു മണിക്ക് ആരംഭിച്ച ഹിയറിങ്ങ് നാലേമുക്കാല്‍ വരെ നീണ്ടിരുന്നു. പത്രിക തള്ളിയതിനെതിരെ അപരന്മാര്‍ കോടതിയെ സമീപിച്ചേക്കും.
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്റെ അപരന്റെ പത്രികയും തള്ളിയിട്ടുണ്ട്. ശ്രീകൃഷ്ണപുരം സ്വദേശി എ വിജയരാഘവന്റെ പത്രികയാണ് വരണാധികാരി തള്ളിയത്.
