മൂവരും വിചിത്ര വിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെ?, ആരാണ് പിന്നില്‍?; അന്വേഷണത്തിന് പ്രത്യേക സംഘം

0

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു.തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

നവീന്‍ തോമസ്, ഭാര്യ ദേവി, ഇവരുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു. അന്യഗ്രഹജീവിതം സ്വപ്‌നം കണ്ട് മൂവരും രക്തം വാര്‍ന്ന് മരിക്കാനായി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി എന്നാണ് പൊലീസ് നിഗമനം. ആര്യയുടെയും ദേവിയുടെ കൈ ഞരമ്പ് മുറിച്ചത് നവീന്‍ ആണെന്നാണ് പൊലീസ് കരുതുന്നത്.മരണത്തിലേക്ക് നയിച്ചത് വിചിത്ര വിശ്വാസം ആണെന്നതിന് തെളിവുകള്‍ ലഭിച്ചതോടെയാണ് വിശദ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്.മൂവരും ഏങ്ങനെ ഈ വിചിത്ര വിശ്വാസത്തിലേക്ക് ആകൃഷ്ടരായി എന്നതാണ് പ്രധാനമായി അന്വേഷിക്കുക. ഇത് കണ്ടെത്താനായി ഇവരുടെ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും വിദഗ്ധ പരിശോധനയ്ക്കായി അയക്കും. മൂവരുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കും. ആര്യയും ദേവിയും തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ വച്ചാണ് സുഹൃത്തുക്കളായത് എന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ സഹപ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും പൊലീസ് സാവകാശം തേടിയിട്ടുണ്ട്. രഹസ്യഭാഷയിലൂടെയാണ് മൂവരും ഇ-മെയില്‍ വഴി ആശയവിനിമയം നടത്തിയതെന്നും പൊലീസ് പറയുന്നു. ഇത് ശരിവെയ്ക്കുന്ന 2021 മുതലുള്ള ഇവരുടെ ഇ-മെയിലുകള്‍ വീണ്ടെടുത്തിട്ടുണ്ട്. അരുണാചല്‍ പ്രദേശിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് വരെയുള്ള ഇ-മെയിലുകള്‍ വീണ്ടെടുക്കാനുള്ള ശ്രമവും തുടങ്ങി. മരണത്തിലേക്ക് നയിച്ച അന്ധവിശ്വാസത്തെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തെരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോയെന്നു സംശയമുണ്ടെന്ന് ഡിസിപി പി നിധിന്‍ രാജ് പറഞ്ഞു. നവീനും ദേവിയും നേരത്തേയും അരുണാചല്‍ പ്രദേശില്‍ പോയിട്ടുണ്ട്. ഇത്തവണ ഗുവാഹത്തിയില്‍ വരെ വിമാനത്തില്‍ പോയതു കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇത്തരം വിശ്വാസത്തിലേക്കു നയിച്ചത് ആരാണെന്നാണ് പൊലീസ് മുഖ്യമായി അന്വേഷിക്കുക.

Leave a Reply