കയ്യിൽ ചോര ഒലിപ്പിച്ച നിലയിൽ കണ്ടു, കെട്ടിയിട്ട് ചോദ്യം ചെയ്തു; അരുണാചൽ സ്വദേശിയുടെ മരണത്തിൽ 10 പേർ അറസ്റ്റിൽ

0

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അരുണാചൽ പ്രദേശ് സ്വദേശി ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചതായി ആരോപണം. ദീർഘനാളായി വാളകത്തു വാടകയ്ക്കു താമസിച്ചിരുന്ന അശോക് ദാസ് (26) ആണ് മരിച്ചത്. അശോക് ദാസിനൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ നൽകിയ വിവരങ്ങളെ തുടർന്നു 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡ‍ിലാണ് സംഭവം. രാത്രിയിൽ മുൻസഹപ്രവർത്തകയുടെ താമസ സ്ഥലത്തു ബഹളമുണ്ടാക്കി മടങ്ങുമ്പോൾ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്യുകയായിരുന്നു. വാളകം കവലയിലുള്ള ഹോട്ടലിൽ ജീവനക്കാരിയായിരുന്ന യുവതിയുടെ വാടക വീട്ടിലാണ് അശോക് എത്തിയത്. ഇതേ ഹോട്ടലിൽ ചൈനീസ് കുക്ക് ആയിരുന്നു അശോക് ദാസ്. ഇവിടെ നിന്നു പിരിഞ്ഞു പോയ ശേഷം വ്യാഴാഴ്ച യുവതിയെ കാണാനാണ് ഇയാൾ വാളകത്ത് എത്തിയത്.

ഈ സമയം യുവതിക്കൊപ്പം എൽഎൽബി വിദ്യാർത്ഥിനിയായ മറ്റൊരു യുവതിയും അവിടെയുണ്ടായിരുന്നു. രാത്രി ഏഴോടെ യുവതി ജോലിക്കായി ഹോട്ടലിലേക്കു പോയപ്പോൾ വീട്ടിൽ നിന്നിറങ്ങിയ ഇയാൾ വീണ്ടും തിരിച്ചെത്തി. ഇതോടെ എൽഎൽബി വിദ്യാർത്ഥിയായ യുവതി ഭയന്ന് സുഹൃത്തായ യുവതിയെ വിളിച്ചു വരുത്തി. തുടർന്ന് അശോക് ദാസും യുവതികളുമായി തർക്കമുണ്ടായി. അതിനിടെ വീട്ടിലെ അലമാരയിലെ ചില്ലുകൾ ഇയാൾ തകർത്തു. ഇതിനെ തുടർന്നു കയ്യിൽ മുറിവുണ്ടാകുകയും വീട്ടിൽ നിന്നിറങ്ങുകയുമായിരുന്നു എന്നാണ് യുവതികൾ നൽകിയ മൊഴി.കയ്യിൽ രക്തം വാർന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണിൽ ഒരു സംഘം ആളുകൾ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്തം വാർന്നൊഴുകി അവശ നിലയിലായിരുന്നു. അശോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ മരിച്ചു.

പോസ്റ്റ്മോർട്ടത്തിനു ശേഷം അശോക് ദാസിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അശോക് ദാസിന്റെ ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഇവർക്കു കൈമാറുമെന്നു പൊലീസ് പറഞ്ഞു. റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തു നിന്ന് എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയാണു പരിശോധനകൾ നടത്തിയത്.

Leave a Reply