കാന്‍സറുമായി പോരാടുന്നു; ലോക്‌സഭാ പ്രചാരണത്തിന് ഇല്ലെന്ന് സുശീല്‍ കുമാര്‍ മോദി

0

പട്‌ന: താന്‍ കാന്‍സറുമായി പോരാടുകയാണെന്നും അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയില്ലെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. കഴിഞ്ഞ ആറുമാസമായി താന്‍ ക്യാന്‍സര്‍ ബാധിതനാണ്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കായി ഒന്നും ചെയ്യാന്‍ തനിക്ക് കഴിയില്ല. തന്റെ രോഗാവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. താന്‍ എന്റെ രാജ്യത്തോടും ബിഹാറിനോടും പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നുവെന്നും സുശീല്‍ കുമാര്‍ മോദി എക്‌സില്‍ കുറിച്ചു.

ബിഹാറിലെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് സുശീല്‍ കുമാര്‍ മോദി. ലാലുവിന്റെയും റാബ്‌റി ദേവിയുടെ കാലത്ത് ബിഹാറില്‍ ബിജെപിയുടെ ശബ്ദമായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദിയുടെ പങ്ക് പ്രധാനമാണ്. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളുമാണ് സുശീല്‍ കുമാര്‍ മോദി.90കളിലാണ് സുശീല്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പട്‌ന സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം 95ലും 2000ലും തുടര്‍വിജയം നേടി. 2004ല്‍ ഭഗല്‍പൂരില്‍ നിന്ന് ലോക്‌സഭാ സീറ്റില്‍ വിജയിച്ചു. 2005ല്‍ ബിഹാറില്‍ എന്‍ഡിഎ അധികാരത്തിലെത്തിയതോടെ സുശീല്‍ മോദി ലോക്‌സഭയില്‍ നിന്ന് രാജിവെച്ച് നിതീഷ് കുമാര്‍ സര്‍ക്കാരില്‍ ബീഹാറിലെ ഉപമുഖ്യമന്ത്രിയായി. 2010ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തി. നിലവില്‍ ബിജെപിയുടെ രാജ്യസഭാ എംപിയാണ്.

Leave a Reply