‘വെള്ളിയാഴ്ചത്തെ ജുമ ഒഴിവാക്കിയാലും ഇത്തവണ നിര്‍ബന്ധമായും വോട്ട് ചെയ്യണം; നിസ്‌കാരത്തിന് മറ്റ് വഴികളുണ്ട്’

0

കോഴിക്കോട്: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച ജുമ നിസ്‌കാരം ഒഴിവാക്കിയാലും വോട്ട് അവകാശം നിര്‍ബന്ധമായും വിനിയോഗിക്കണമെന്ന് സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി നജീബ് മൗലവി. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് മുസ്ലീങ്ങള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത് അനിവാര്യമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജുമ ഒഴിവാക്കുന്നത് പോലും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സമുദായംഗങ്ങളെ വോട്ടെടുപ്പില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള മുസ്ലീം വിരുദ്ധശക്തികളുടെ കുതന്ത്രമാണ്. ഇതിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 26 (വെള്ളിയാഴ്ച)യാണ് സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മുസ്ലീം വിഭാഗത്തില്‍പ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും വെള്ളിയാഴ്ച ജുമ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ തീയതി മാറ്റണമെന്ന് നിരവധി മുസ്ലീം സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു.ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരമപ്രധാനമാണ്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തി ജനാധിപത്യപരവും മതനിരപേക്ഷമായ ഭരണം ഉണ്ടാവണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് ദിവസം മാറ്റിയില്ലെങ്കില്‍ മുസ്ലീങ്ങള്‍ കുഴപ്പത്തിലാവരുത്. ജുമ നടത്താന്‍ മറ്റ് വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലിന്റെ ഭാഗമായി ജുമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്ലാമില്‍ വ്യവസ്ഥയുണ്ട്. ഒഴിവാക്കാവുന്ന മറ്റ് സന്ദര്‍ഭങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ജുമയ്ക്ക് പോകുമ്പോള്‍ വോട്ടിങ് മെഷീനുകള്‍ കേടുവരുത്താന്‍ സാധ്യതയുണ്ടോയെന്നതും ബൂത്തില്‍ മുസ്ലീങ്ങളുടെ അഭാവത്തില്‍ കള്ളവോട്ട് ചെയ്യുന്നുണ്ടോ എന്ന കാര്യത്തിലും നമ്മള്‍ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ചത്തെ ജുമയുടെ പേരില്‍ ഒരു മുസ്ലിമും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത്’ -അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here