കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ കഴുത്തറുത്ത് ആത്മഹത്യ ശ്രമം

0

ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ കഴുത്തറുത്ത് ആത്മഹത്യ ശ്രമം നടത്തി മധ്യവയസ്‌കന്‍. മൈസൂര്‍ സ്വദേശിയായ ശ്രീനിവാസാണ് ചീഫ് ജസ്റ്റിസ് നിലയ് വിപിന്‍ചന്ദ്ര അഞ്ജാരിയയുടെ മുന്നില്‍ കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നു കോടതി ചേര്‍ന്നയുടനെയായിരുന്നു സംഭവം.

കോടതി മുറിയിലേക്ക് കടന്നു വന്ന ശ്രീനിവാസ് തന്റെ കൈവശമുണ്ടായിരുന്ന ഫയലുകള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഏല്‍പിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് കോടതി മുറിയില്‍ എത്തിയതിനു പിന്നാലെയാണ് സംഭവം.സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ശ്രീനിവാസ് ഇപ്പോള്‍ ചികിത്സയിലാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.’എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കോടതി ഹാള്‍ ഒന്നില്‍ കടന്ന് കത്തികൊണ്ട് കഴുത്തറുത്തു. ഞങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ അത് കണ്ടു, ഉടന്‍ തന്നെ അദ്ദേഹത്തെ തടഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ പൊലീസ് പറഞ്ഞു.

കോടതി മുറിക്കുള്ളില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ ചീഫ് ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തി. കോടതി മുറിക്കുള്ളിലേക്ക് മാരകായുധവുമായി ഒരാള്‍ക്ക് പ്രവേശിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

Leave a Reply