84 വയസ്സായി, അദ്ദേഹത്തോട് സഹതാപം മാത്രം; എകെ ആന്റണിക്ക് മറുപടിയുമായി മകന്‍ അനില്‍ ആന്റണി

0

പത്തനംതിട്ട: മുതിര്‍ന്ന നേതാവ് എകെ ആന്റണിക്ക് മറുപടിയുമായി മകനും ബിജെപി സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. ആരൊക്കെ പറഞ്ഞാലും പത്തനം തിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും ആന്റോ ആന്റണി വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്നും അനില്‍ ആന്റണി പറഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നും അപ്പോഴും ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോണ്‍ഗ്രസുകാര്‍ കുരച്ചുകൊണ്ടേയിരിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കുമെന്ന് ആന്റണി പറഞ്ഞതിന് പിന്നാലെയായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ പ്രതികരണം.

അദ്ദേഹത്തെ കാണുമ്പോള്‍ വളരെ സഹതാപമാണ് തോന്നുന്നത്. തനിക്ക് ഏറെ ബഹുമാനമുള്ള വ്യക്തിയാണ്. 84 വയസായി. ഇന്നും രാഷ്ട്രവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അനില്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികരെ അവഹേളിച്ച പാക് തീവ്രവാദത്തെ ന്യായീകരിച്ച രാജ്യവിരുദ്ധനായ ആന്റോ അന്റണിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ വാക്കുകള്‍ തന്നെ വിഷമിപ്പിക്കുന്നുവെന്നും അനില്‍ പറഞ്ഞു.

യാതൊരു പ്രസക്തിയുമില്ലാത്ത കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ. ഇന്ന് രാഹുല്‍ഗാന്ധി വളര്‍ത്തി വളര്‍ത്തി കോണ്‍ഗ്രസിനെ പാതാളത്തിലെത്തിച്ചു. കാലഹരണപ്പെട്ട നേതാക്കളും ചിന്താഗതിയുമാണ് കോണ്‍ഗ്രസിനുള്ളത്. ഒരു പാര്‍ട്ടി നിലനില്‍ക്കേണ്ടത് രാജ്യത്തിന് വേണ്ടിയാവണം. എന്നാല്‍ കോണ്‍ഗ്രസിന് കുടുംബമാണ് വലുതെന്നും അനില്‍ പറഞ്ഞു. മൂന്നാം തവണയും മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകും. അപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കാലഹരണപ്പെട്ടവരും സോണിയയുടെയും രാഹുലിന്റെയും കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കുരച്ചുകൊണ്ടേയിരിക്കുമെന്നും അനില്‍ പറഞ്ഞു.

Leave a Reply