വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയില്‍ ആശങ്ക; മലപ്പുറത്ത് ഇന്നലെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0

മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയില്‍ ആശങ്ക തുടരുന്നു. ഇന്നലെ പോത്തുകല്ല് മേഖലയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗത്തിന് സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇന്നലെ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചിരുന്നു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.കരുതല്‍ നടപടികളുടെ ഭാഗമായി പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിറര്‍ദേശമുണ്ട്. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here