ന്യൂഡല്‍ഹി: പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ചതു സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഈ ഘട്ടത്തില്‍ നിയമനം സ്‌റ്റേ ചെയ്യുന്നത് കുഴപ്പത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജിവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
പുതുതായി നിയമിതരായ കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സന്ധു എന്നിവര്‍ക്കെതിരെ ആക്ഷേപമൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇലക്ഷന്‍ കമ്മിഷന്‍ എക്‌സിക്യൂട്ടിവിന്റെ പരിധിയിലാണെന്നു പറയാനാവില്ലെന്നും കോടതി ഹര്‍ജിക്കാരോട് പറഞ്ഞു.കേന്ദ്രം കൊണ്ടുവന്ന നിയമം തെറ്റെന്നു പറയാനാവില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കാര്യങ്ങളെ സന്തുലനത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാം. എന്നാല്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമം ഇല്ലാതിരുന്ന ഘട്ടത്തില്‍ കമ്മിഷണര്‍മാരുടെ നിയമനത്തിനു സംവിധാനമുണ്ടാക്കുകയാണ് നേരത്തെ സുപ്രീം കോടതി ചെയ്തത്. നിയമന സമിതിയില്‍ ജുഡീഷ്യല്‍ അംഗം വേണമെന്നത് നിര്‍ബന്ധമല്ല. അങ്ങനെ കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.