സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

0

അമരാവതി: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകര്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്. ഇതില്‍ മനം നൊന്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരിച്ച ഗീതാഞ്ജലിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗീതാഞ്ജലിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ ആഴ്ചയാണ് നെതാലി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാഞ്ജലി എന്ന യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ട്രെയിന് മുന്നില്‍ ചാടിയ യുവതി പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

പട്ടയമേള വിതരണ പരിപാടിയില്‍ സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രാദേശിക മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വൈറലായി. ഈ വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടി അണികള്‍ യുവതി ക്രൂരമായ ഭാഷയില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തത്. വീഡിയോ വന്ന യൂട്യൂബ് ചാനലിന്റെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply