നാളെത്തന്നെ വിവരം കൈമാറണം; എസ്ബിഐക്ക് അന്ത്യശാസനം; ഇലക്ടറല്‍ ബോണ്ടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെത്തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്ന് കോടതി വിധിച്ചു.

വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂണ്‍ 30 വരെ സമയം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ വൈകീട്ട് വിവരങ്ങള്‍ കൈമാറണം. 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടപ്പത്രത്തിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കാണ് നല്‍കേണ്ടത്.

എസ്ബിഐയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തണം. നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ. അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു.

തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ചോദ്യമുന്നയിച്ചത്. വിവരങ്ങള്‍ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ചിലല്ലേ ഉള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ മറുപടി നല്‍കി.

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്നും ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്.

വിവരങ്ങള്‍ സീല്‍ഡ് കവറില്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നത് അംഗീകരിക്കുന്നു. ആ സീല്‍ഡ് കവറുകള്‍ മുംബൈ ബ്രാഞ്ചിലല്ലേ ഉള്ളത്. ആ സീല്‍ഡ് കവര്‍ പൊട്ടിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികത്വം പറഞ്ഞു നീട്ടിക്കൊണ്ടു പോകുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐക്ക് ഇത്രയധികം സമയം വേണോയെന്നും കോടതി ചോദിച്ചിരുന്നു.

Leave a Reply