‘വിദേശത്ത് പോയി പഠിക്കണം’, കൈകള്‍ കെട്ടിയ നിലയില്‍ ചിത്രം; 30 ലക്ഷം തട്ടാന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമച്ച് മകള്‍, പൊളിച്ച് പൊലീസ്

0

ജയ്പൂര്‍: വിദേശത്ത് പോയി പഠിക്കുന്നതിന് പണം കണ്ടെത്താന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമച്ച് 21കാരി. വിദേശത്ത് പോയി പഠിക്കുന്നതിന് 30 ലക്ഷം രൂപ കണ്ടെത്താന്‍ മാതാപിതാക്കളെ കബളിപ്പിച്ച് പണം തട്ടാനാണ് മകള്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയെന്ന് വിശ്വസിപ്പിക്കാന്‍ കൈ കയറിട്ട് കെട്ടിയ നിലയിലുള്ള ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് മകള്‍ അയച്ചു കൊടുത്തു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മകള്‍ മാതാപിതാക്കളോട് മോചനദ്രവ്യമായി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉപരിപഠനത്തിനായി മധ്യപ്രദേശ് സ്വദേശിനിയായ 21കാരിയെ കോട്ടയിലെ കോച്ചിങ് സെന്ററിലാണ് മാതാപിതാക്കള്‍ ചേര്‍ത്തത്. മകളുടെ മോചനത്തിനായി 30 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള ഭീഷണി കോള്‍ എത്തിയതോടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകല്‍ നാടകമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മകളെ തട്ടിക്കൊണ്ടുപോയെന്ന അച്ഛന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി മറ്റു രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഇന്‍ഡോറിലാണ് താമസിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. കൂട്ടുകാരികളില്‍ ഒരാളെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. വിദേശത്ത് പോയി പഠിക്കുന്നതിനായി 21കാരി തട്ടിക്കൊണ്ടുപോകല്‍ നാടകം കളിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു.

ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹമില്ലെന്നും പണം കണ്ടെത്തി വിദേശത്ത് പോയി പഠിക്കണമെന്നതുമായിരുന്നു 21കാരിയുടെ ലക്ഷ്യം. കഴിഞ്ഞ ആറുമാസം യുവതി കോട്ടയില്‍ ഉണ്ടായിരുന്നില്ല. കൂടാതെ കോട്ട നഗരത്തിലെ മറ്റു കോച്ചിങ് സെന്ററുകളില്‍ എവിടെയും പഠിക്കാന്‍ ചേര്‍ന്നതായി തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനാണ് കോട്ടയിലെ കോച്ചിങ് സെന്ററില്‍ യുവതിയെ മാതാപിതാക്കള്‍ ചേര്‍ത്തത്. ഓഗസ്റ്റ് അഞ്ചു വരെ മാത്രമേ യുവതി സെന്ററില്‍ തുടര്‍ന്നുള്ളൂ. തുടര്‍ന്ന് യുവതി ഇന്‍ഡോറിലേക്ക് പോയതായി കണ്ടെത്തിയതായും പൊലീസ് പറയുന്നു.എന്നാല്‍ പഠിക്കുന്നത് കോട്ടയില്‍ തന്നെയാണ് എന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ പരീക്ഷാഫലം സൃഷ്ടിച്ച് മറ്റു നമ്പറുകളില്‍ നിന്ന് വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ് പറയുന്നു. അടുത്ത പടിയെന്നോണമാണ് വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ യുവതി ചമച്ചതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഇന്‍ഡോര്‍ ഫ്‌ലാറ്റില്‍ വച്ചാണ് കൂട്ടുകാരികളുടെ സഹായത്തോടെ കൈകള്‍ കെട്ടിയ നിലയിലുള്ള യുവതിയുടെ ചിത്രങ്ങള്‍ എടുത്തത്. മകളുടെ മോചനത്തിനായി 30 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് സന്ദേശം അയക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Leave a Reply