ജാസി ഗിഫ്റ്റിന്റെ മെഗാഷോയിൽ ശശിക്ക് ‘ഗിഫ്റ്റ്’; 300 രൂപ കൊടുത്തപ്പോൾ കിട്ടിയത് അഞ്ച് സെന്റ് ഭൂമി

0

ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഗായകൻ ജാസി ഗിഫ്റ്റിന്റെയും സംഘത്തിന്റെയും മെഗാഷോയിൽ ഗിഫ്റ്റായി ശശിക്ക് കിട്ടിയത് 9 ലക്ഷം രൂപയുടെ അഞ്ച് സെന്റ് ഭൂമി. പരിപാടി നടത്താൻ സംഭാവനയായി 300 രൂപ നൽകിയപ്പോൾ നല്ല പാട്ട് ആസ്വദിക്കാമെന്ന് മാത്രം കരുതിയപ്പോഴാണ് ഇരട്ടിമധുരമായി സ്ഥലവുംകൂടി ലഭിക്കുന്നത്. സംഭാവന നൽകിയവരിൽ നിന്ന് നറുക്കെടുക്കപ്പെടുന്നയാൾക്ക് അഞ്ചുസെന്റ് സമ്മാനമായി നൽകാൻ പരിപാടി സംഘാടകർ തീരുമാനിച്ചിരുന്നു.ചെറുപ്പക്കാരുടെ കൂട്ടായ്മയായ ആൽത്തറക്കൂട്ടം സ്പോൺസർ ചെയ്ത മെഗാഷോയിലാണ് കണിച്ചുകുളങ്ങര ‘കൺമണി’യിൽ കെ ആർ ശശിയ്ക്ക് സമ്മാനമായി സ്ഥലം ലഭിച്ചത്. ആധാരം പേരിലേക്കു മാറ്റാനുള്ള പണം മാത്രമേ ശശി മുടക്കേണ്ടൂ. സൈക്കിൾ വർക്ക്‌ഷോപ്പ് നടത്തിയിരുന്ന ശശിക്ക് അടുത്തിടെയാണു ലൈൻമാനായി ജോലി കിട്ടിയത്. ഞായറാഴ്ച ഒൻപതിനു ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ഭൂമിയുടെ രേഖകൾ കൈമാറും.

മാർച്ച് നാലിന് ആയിരുന്നു മെഗാഷോ നടന്നത്. ജാസി ഗിഫ്റ്റിനൊപ്പം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഇഷാൻ ദേവ്, പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തല എന്നിവർ ചേർന്നാണ് നറുക്കെടുത്തത്. നറുക്കെടുത്തപ്പോൾ ഒന്നാം സമ്മാനാർഹൻ ആരെന്ന് ആർക്കും അറിയില്ലായിരുന്നു . കൂപ്പണിലെ നമ്പർ നോക്കി ആളെ പിന്നീട് കണ്ടത്തുകയായിരുന്നു.

Leave a Reply