സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചതായി മന്ത്രി; ക്രമീകരണം ഒരുക്കും

0

തിരുവനന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനാല്‍ റേഷന്‍ മസ്റ്ററിങ് തത്കാലം നിര്‍ത്തിയതായി മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണനാ ക്രമത്തിലുള്ള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മസ്റ്ററിങ് നടത്താനുള്ള ക്രമീകരണം ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു. പിങ്ക്‌ കാര്‍ഡ് ഉള്ളവര്‍ക്ക് നാളെ മുതല്‍ മസ്റ്ററിങ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. ഇന്നു ഉച്ചയോടെ സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ മസ്റ്ററിങ് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. മുന്‍ഗണനാക്രമത്തിലുള്ള ചുവപ്പ് കാര്‍ഡ് ഉള്ളവര്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികമുണ്ട്. അവര്‍ തിരിച്ചുപോകാതെ മസ്റ്ററിങിലേക്ക് പങ്കെടുക്കുന്ന നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടക്കുന്നതിനാല്‍ മൂന്ന് ദിവസം അരിവിതരണം പൂര്‍ണമായി നിര്‍ത്തന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ദേശം പാലിക്കാതെ അരിവിതരണം നടത്തിയെന്നും ഇന്ന് അരിവിതരണം സമ്പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ തന്നെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡുമാണ് മസ്റ്ററിങിന് വേണ്ടത്. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply