മൂന്ന് ദിവസം റേഷന്‍ വിതരണം മുടങ്ങും, ഇന്ന് മുതല്‍ ഇ-കെവൈസി മസ്റ്ററിങ്

0

തിരുവനന്തപുരം: എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. രാവിലെ 8 മുതല്‍ വൈകീട്ട് ഏഴുവരെയാണ് റേഷന്‍ കടകള്‍ക്ക് സമീപമുള്ള അംഗന്‍ വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്.

സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും സീനിയര്‍ സിറ്റിസണ്‍ ആയ വ്യക്തികള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ ദിവസങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അപ്‌ഡേഷന്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 15, 16, 17 തീയതികളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് ഏഴുവരെ ഇടവേളകളില്ലാതെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഈ തീയതികളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിംങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരളടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply