അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഗംഭീരമായി ഹോളി ആഘോഷിച്ച് ഭക്തര്‍. രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ വിഗ്രഹത്തില്‍ നിറങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തു. ക്ഷേത്രപരിസരം ആകെ ഹോളി ഉത്സവാഘോഷത്തില്‍ മുങ്ങി.
പ്രത്യേക പൂജകളും നടന്നു. 56 തരം ഭക്ഷണവിഭവങ്ങളും അലങ്കാരങ്ങളും വിഗ്രഹത്തിന് മുന്നില്‍ സമര്‍പ്പിച്ചു. ഭക്തര്‍ക്കൊപ്പം ഹോളി ഗാനങ്ങള്‍ ആലപിച്ച പുരോഹിതര്‍ വിഗ്രഹത്തിന് മുന്നില്‍ നൃത്തം ചെയ്യുകയും ചെയ്തു.ക്ഷേത്രസമര്‍പ്പണത്തിന് ശേഷം രാംലല്ലയുടെ ആദ്യത്തെ ഹോളിയാണ് ഇതെന്ന് മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ഈ അവസരത്തില്‍ രാംലല്ലയുടെ വിഗ്രഹം പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിപ്പിച്ചത്.