പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നും പ്രതിഷേധത്തിന് സാധ്യത; തിരുവനന്തപുരത്തെ മാർ‌ച്ചിൽ 102 പേര്‍ക്കെതിരെ കേസ്

0

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് യുഡിഎഫ് പ്രതിഷേധം. മണ്ഡല തലങ്ങളിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുക. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ രാത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റെയില്‍വേ സംരക്ഷണ സേന തടഞ്ഞു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി.പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല എന്ന മുദ്രാവാക്യവുമായി പെരുമ്പാവൂരില്‍ എസ് എഫ് ഐ – ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.

തിരുവനന്തപുരത്ത് പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ 102 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

മതനിരപേക്ഷ രാഷ്ട്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളുമായി ചേര്‍ന്ന് ശക്തമായ ചെറുത്തു നില്‍പ്പ് ഉയര്‍ത്തുമെന്ന് സിപിഎം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു. പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കി.

Leave a Reply