‘പൊലീസ് എപ്പോഴും സജ്ജരായിരിക്കണം, ആവശ്യമെങ്കിൽ പൊതുജന സഹായം തേടാം’; ഉത്തരവുമായി ഡിജിപി

0

തിരുവനന്തപുരം: ലഹരിക്കടിമയായവരെ കസ്റ്റഡിയിലെടുക്കുമ്പോൾ നടപടികൾ പൂർണമായും വിഡിയോയിൽ ചിത്രീകരിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്. പൊലീസുകാർക്കായി പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശത്തിലാണ് ഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹെബ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.കൂടാതെ കസ്റ്റഡിയിലെടുത്ത ഉടനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്നും ആക്രമണ സ്വഭാവുള്ളവരെ കീഴ്‍പ്പെടുത്തുമ്പോള്‍ പൊലീസ് സജ്ജരായിരിക്കണമെന്നും ആവശ്യമെങ്കിലും പൊതുജനങ്ങളുടെ സഹായം തേടാമെന്നും ഉത്തരവിൽ പറയുന്നു.

പൊലീസ് ചെയ്യേണ്ട കാര്യങ്ങള്‍

1.പൊലീസ് നടപടി നിര്‍ബന്ധമായും വിഡിയോ റെക്കോര്‍ഡ് ചെയ്യണം

2.ആക്രമണ സ്വഭാവം കാണിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സജ്ജരായിരിക്കണം

3.ആല്‍ക്കോമീറ്റര്‍, കൈവിലങ്ങുകള്‍, ഹെല്‍മെറ്റുകള്‍, കലാപ കവചങ്ങള്‍ എന്നിവ പൊലീസ് വാഹനതതില്‍ കരുതണം

4.കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കണം, ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്തണം

5.അക്രമ സ്വഭാവിയായ വ്യക്തിയെ കസ്റ്റഡിയിലെടുക്കാൻ സ്ഥലത്തുള്ള പ്രായപൂര്‍ത്തിയായ പൊതുജനത്തിന്‍റെ സേവനം നിയമാനുസൃതമായി ആവശ്യപ്പെടാം

6.കസ്റ്റഡിയിലെടുത്തയാളെ എസ് എച്ച് ഒ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം

7.ആരോഗ്യനില മോശമാണെങ്കില്‍ ബന്ധുക്കളുടെയോ പ്രാദേശിക പൗരന്മാരുടെയോ സാന്നിധ്യം ഉറപ്പാക്കി മതിയായ വൈദ്യസഹായം കസ്റ്റഡിയിലുള്ളയാള്‍ക്ക് ലഭ്യമാക്കണം. ആശുപത്രി അധികൃതരെ ആരോഗ്യവിവരം അറിയിക്കണം

8.പരിക്കുകള്‍ വീഡിയോയില്‍ ചിത്രീകരിക്കണം

9.കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചാലോ പൊലീസുകാരെ ആക്രമിച്ചാലോ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയന്ത്രണ നടപടി സ്വീകരിക്കാം

10.ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് വാങ്ങണം

11.ആവശ്യമെങ്കില്‍ അറസ്റ്റിലായ വ്യക്തിക്ക് ആശുപത്രി പരിസരത്ത് നിന്ന് തന്നെ നിയമാനുസൃതമായി ജാമ്യം നല്‍കാം.

12.മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തില്‍ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് സഹിതം മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കണം

13.കസ്റ്റഡിയിലെടുക്കുന്നത് സ്ത്രീകളെയോ ട്രാന്‍സ് വുമണിനെയോ ആണെങ്കില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണം

Leave a Reply