മോദിയോടു ചോദിച്ചാല്‍ മകള്‍ അകത്താകുമെന്ന് പിണറായിക്ക് ഭയം; ആരാണ് തങ്കമെന്ന് വഴിയേ അറിയാമെന്ന് കെ മുരളീധരന്‍

0

തൃശൂരില്‍: തൃശൂരില്‍ ആരാണ് തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. എതിര്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണരീതികളെ വിമര്‍ശിച്ചായിരുന്നു പരാമര്‍ശം. ഈ തെരഞ്ഞെടുപ്പ് മോദി – പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടമായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാണുന്നതിനു മുന്‍പേ തൃശൂര്‍ കണ്ട ആളാണു താനെന്നും യുഡിഎഫ് ജയിക്കണമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്കു പോകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയെ നിരന്തരം വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.’അഴീക്കോടന്‍ രാഘവന്റെ സ്മരണാര്‍ഥം നടത്തിയ റാലിയില്‍ പിണറായി മുഴുവന്‍ സമയവും ചീത്ത വിളിച്ചത് രാഹുല്‍ ഗാന്ധിയെയാണ്. 48 മണിക്കൂര്‍ കഴിഞ്ഞ് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ ശക്തമായി വിമര്‍ശിച്ചതു നരേന്ദ്ര മോദിയെയും. ഒരക്ഷരം പോലും പിണറായിക്കെതിരെ പറഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.രാഹുലിനെ ദുര്‍ബലപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. പിണറായിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതു മുഴുവന്‍ രാഹുലിനോടാണ്. ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിച്ചിട്ടില്ല. മോദിയോടു ചോദിച്ചാല്‍ തന്റെ മകള്‍ അകത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹന്‍ ഭാഗവതിനേക്കാള്‍ ആര്‍എസ്എസിന്റെ ഭാഷയില്‍ സംസാരിക്കുന്നത് പിണറായിയാണ്. ആ പാര്‍ട്ടിയെ ആര്‍എസ്എസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരന്‍ എന്ന ദുഷ്‌പേര് ഭാവിയില്‍ പിണറായിക്കുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply