പ്രശ്‌ന പരിഹാരത്തിനായി ആളുകള്‍ ഇപ്പോഴും മന്ത്രവാദികളെ സമീപിക്കുന്നു, ദൗര്‍ഭാഗ്യകരമെന്ന് ബോംബെ ഹൈക്കോടതി

0

മുംബൈ: തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി ആളുകള്‍ മന്ത്രവാദികളുടെ വാതിലില്‍ മുട്ടുന്നത് നമ്മുടെ കാലഘട്ടത്തിലെ ദൗര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യമാണെന്ന് ബോംബെ ഹൈക്കോടതി. മാനസിക വെല്ലുവിളി നേരിടുന്ന ആറ് പെണ്‍കുട്ടികളെ സുഖപ്പെടുത്താനെന്ന പേരില്‍ ലൈംഗികമായി ചൂഷണം ചെയ്ത 45 കാരനായ മന്ത്രവാദിക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഇയാള്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സാമ്പത്തികമായും ഇയാള്‍ ചൂഷണം ചെയ്തു. 1.30 കോടി രൂപയാണ് ഇയാള്‍ പെണ്‍കുട്ടികളുടെ മാനസിക വെല്ലുവിളി മാറ്റാമെന്ന് പറഞ്ഞുകൊണ്ട് മാതാപിതാക്കളില്‍ നിന്ന് തട്ടിയെടുത്തത്. 2010ലാണ് സംഭവത്തില്‍ കേസ് എടുക്കുന്നത്. 2016ല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ശിക്ഷയില്‍ ഇളവ് വരുത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സെഷന്‍സ് കോടതി വിധി ശരിവെക്കുകയായിരുന്നു.ഇത് അന്ധവിശ്വാസത്തിന്റെ ഭാഗമാണ്. ആളുകള്‍ പ്രശ്‌ന പരിഹാരത്തിനായി ഇത്തരം ആളുകളെ സമീപിക്കുന്നത് നമ്മുടെ കാലത്തെ ദൗര്‍ഭാഗ്യകരമായ ഒരു യാഥാര്‍ഥ്യമാണിതെന്നും കോടതി നിരീക്ഷിച്ചു. ആളുകളുടെ ദുര്‍ബലതയെ ചൂഷണം ചെയ്യുക മാത്രമല്ല ലൈംഗികമായി കൂടി ദുരുപയോഗം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

Leave a Reply