കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍തുക ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന നാലംഗ മലയാളി സംഘത്തെ ബത്തേരി പൊലീസ് ബംഗളൂരുവില്‍ നിന്നു പിടികൂടി. തിരുവനന്തപുരം പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിന്‍(28), കഴക്കൂട്ടം ഷീല ഭവനില്‍ അനന്തു(29), പാലക്കാട് ആനക്കര കൊണ്ടുകാട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ അഭിനവ്(24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്നാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍, 8 സിം കാര്‍ഡുകള്‍, 9 എടിഎം കാര്‍ഡുകള്‍, 8.4 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി പല തവണയായി 2.3 ലക്ഷം രൂപ തട്ടിയെടുത്തെന്ന ബത്തേരി കുപ്പാടി സ്വദേശിയായ അഖില്‍ എന്ന യുവാവ് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പുസംഘം വലയിലായത്.അഖിലിന്റെ പക്കല്‍ നിന്ന് 2023 ഒക്ടോബറിലാണ് പണം തട്ടിയെടുത്തത്. ട്രേഡ് വെല്‍ എന്ന കമ്പനിയില്‍ വ്യാപാരം നടത്തുകയാണെങ്കില്‍ വന്‍തുക സര്‍വീസ് ബെനിഫിറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നിശ്ചിത ശതമാനം കമ്മിഷന്‍ മാത്രം ഈടാക്കി വിവിധ കമ്പനികളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി വന്‍തുക ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചാണ് പണം വാങ്ങുന്നത്. അതിനായി ആദ്യം 10,000 രൂപയില്‍ താഴെ വാങ്ങി ലാഭം കൃത്യമായി നല്‍കും.
ഇതോടെ ഇടപാടുകാരന്‍ വീണ്ടും വലിയ തുക നല്‍കും. അതോടെ ഫോണ്‍ നമ്പറുകള്‍ ഉപേക്ഷിച്ച് പണവുമായി സംഘം മുങ്ങും. ഇതേ രീതിയില്‍ ഒട്ടേറെ പേര്‍ ഇരകളായതായും പൊലീസ് പറഞ്ഞു. അനധികൃത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന സിം കാര്‍ഡുകള്‍ വഴിയാണ് ഇടപാടുകാരെ പ്രതികള്‍ വിളിക്കുന്നതെന്നും പൊലീസ് പറയുന്നു.