അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി; നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

0

തിരുവനന്തപുരം: അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. കേരള സ്റ്റേറ്റ് ആന്‍ഡ് സബ് ഓര്‍ഡിനേറ്റ് റൂള്‍സിന്റെ 39ാം വ്യവസ്ഥയിലെ സവിശേഷാധികാരം ഉപയോഗിച്ചാണ് ജോലി നല്‍കുക. 2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യഡയറക്ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണമാണ് ജോലി നഷ്ടമായത്.

ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സിനിയോറിറ്റിക്ക് അര്‍ഹത. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി ഒഴിവു റിപ്പോര്‍ട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട നിഷ ബാലകൃഷ്ണനു നിയമനം നല്‍കുന്നതിനു സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് 2018 മാര്‍ച്ച് 31 ന് അവസാനിച്ച എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിഷ ബാലകൃഷ്ണന് 4 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണു ജോലി നഷ്ടമായത്. മാര്‍ച്ച് 28 ന് കൊച്ചി കോര്‍പറേഷനില്‍ നിന്ന് അറിയിച്ച ഒഴിവ് 3 ദിവസമുണ്ടായിട്ടും തിരുവനന്തപുരം നഗരകാര്യ ഡയറക്ടറുടെ ഓഫിസില്‍ നിന്നു പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്തത് 31 ന് അര്‍ധരാത്രി 12 നാണ്. ഇ മെയില്‍ പിഎസ്സിക്ക് ലഭിച്ചതാകട്ടെ 12.04 നും. ഏപ്രില്‍ ഒന്നിനു പുതിയ പട്ടിക നിലവില്‍ വന്നതിനാല്‍ പിഎസ്സി നിയമനം നിഷേധിക്കുകയായിരുന്നു.

Leave a Reply