‘ഓഹരി വിപണിയില്‍ നിന്ന് പണം നേടാന്‍ സഹായിക്കാം’, ലിങ്കില്‍ ക്ലിക്ക് ചെയ്തയാളുടെ ഒരു കോടി രൂപ പോയി; പ്രതി പിടിയില്‍

0

മലപ്പുറം: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി പണം നേടാന്‍ സഹായിക്കാമെന്ന പേരിലുള്ള പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തവരുടെ പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് മുജ്തബയാണ് പിടിയിലായത്. ഫെയ്സ്ബുക്കില്‍ വ്യാജ പരസ്യം നല്‍കി ആളുകളെ പറ്റിച്ച പ്രതിയെ മലപ്പുറം സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.പണം തട്ടിയ സംഭവത്തിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

ഫെയ്‌സ്ബുക്കില്‍ കണ്ട Black Rock Angel One എന്ന സ്റ്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കയറിയ ആളാണ് പറ്റിക്കപ്പെട്ടത്. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയില്‍ നിന്ന് പ്രതികള്‍ 1,08,02,022 രൂപയാണ് തട്ടിയെടുത്തത്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ എന്ന പേരില്‍ വേങ്ങര സ്വദേശിയില്‍ നിന്ന് പലതവണകളായാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. തട്ടിപ്പാണെന്ന് മനസിലായതോടെ തട്ടിപ്പിന് ഇരയായ ആള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.വേങ്ങര പൊലീസ് ഐപിസി 420, ഐടി നിയമത്തിലെ 66 ഡി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറി. കാസര്‍കോട് നിന്നാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply