ലോക്‌സഭയിൽ ബിജെപിക്ക് വലിയ തലവേദനയുണ്ടാക്കിയ എംപിയായിരുന്നു തൃണമൂൽ എംപി മഹുവാ മോയ്ത്ര. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ അഞ്ചാം പട്ടികയിൽ മഹുവയെ നേരിടാനുള്ള അസ്ത്രം ബിജെപി കരുതിയിരുന്നു, രാജമാത അമൃത റോയ്. കഴിഞ്ഞ ആഴ്ച അമൃത റോയ് ബിജെപിയിൽ ചേർന്നതുമുതൽ സ്ഥാനാർഥിത്വത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങളും പടർന്നിരുന്നു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം ഉറപ്പായി.
കൃഷ്ണനഗർ ജനതയുമായി വലിയ ആത്മബന്ധമുള്ള നാദിയ രാജകുടുംബത്തിലെ മുതിർന്ന അംഗമാണ് അമൃത റോയ്. കലാ-സാംംസ്കാരിക രംഗത്ത് വലിയ പാരമ്പര്യമുള്ള നഗരമാണ് കൃഷ്ണനഗർ. ഇന്ത്യൻ ചരിത്രത്തിൻ്റെ ഭാഗമാ് മഹാരാജാ കൃഷ്ണ ചന്ദ്ര റോയ്. 18ാം നൂറ്റാണ്ടിലെ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സംസ്ഥാനത്തിൻ്റെ കിഴക്കൻ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. 55 വർഷം നീണ്ട ഭരണകാലത്ത് കലാ സാംസ്കാരിക ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികൾ രാജവാഴ്ച അവസാനിച്ചതിന് ശേഷം വന്ന ഭരണാധികാരികൾക്കും മാതൃകയായിരുന്നു.അമൃത റോയിയുടെ സ്ഥാനാർഥിത്വം മഹുവാ മോയ്ത്രയ്ക്കെതിരെ ബിജെപിയെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. ബിജെപിയുടെ നാദിയ ജില്ലാ നേതൃത്വമാണ് അമൃത റോയിയെ മത്സരിപ്പിക്കുന്നതിന് തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അമൃത റോയിക്ക് താൽപര്യമില്ലായിരുന്നുവെന്നും നിരവധി തവണനേതാക്കൾ ഇവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.